കൊച്ചി: അനുവദനീയമായ അളവില്‍ കൂടുതല്‍ ചരക്ക് കയറ്റി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ (എന്‍ഫോഴ്സ്മെന്റ്) നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാത്രികാല മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ നിയമവിരുദ്ധമായി സര്‍വീസ് നടത്തിയ 20 വാഹനങ്ങള്‍ക്ക് ചെല്ലാന്‍ നല്‍കുകയും 6,04,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
ആര്‍ടിഒ ബിജു ഐസക്കിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നാലു പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ജില്ലയിലെ പ്രധാന വ്യവസായ-ചരക്കുനീക്ക കേന്ദ്രങ്ങളായ മൂവാറ്റുപുഴ, കൂത്താട്ടുകുളം, പെരുമ്പാവൂര്‍, അങ്കമാലി, എറണാകുളം മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഡ്രൈവ്.
ഓവര്‍ ലോഡിംഗിന് പുറമെ മറ്റ് ഗുരുതര നിയമലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്തി. വാഹനം നികുതി അടയ്ക്കാതെ ഓടിക്കല്‍, സാധുവായ പെര്‍മിറ്റ് ഇല്ലാതിരിക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവര്‍ വാഹനം ഓടിക്കല്‍ എന്നിവയ്ക്കെതിരെയും കര്‍ശന നടപടിയെടുത്തു.
കൂടാതെ, നിരോധിച്ച എയര്‍ ഹോണുകളുടെ ഉപയോഗം, വാഹനങ്ങളുടെ ബോഡിയില്‍ വരുത്തിയ അനധികൃത മാറ്റങ്ങള്‍, വാഹനത്തിന്റെ പിന്‍ഭാഗത്ത് അപകടകരമായ തള്ളിനില്ക്കുന്ന വിധത്തില്‍ ലോഡ് കയറ്റുക, പരസ്യ ഫീസ് അടയ്ക്കാതെ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ പരസ്യം പതിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കും പിഴ ചുമത്തി.
വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമായി തുടരുമെന്നും റോഡ് നിയമങ്ങള്‍ പാലിക്കാത്ത വാഹന ഉടമകള്കകും ഡ്രൈവര്‍മാര്‍ക്കുമെതിരെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെയുള്ള കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
അമിത ഭാരം ബ്രേക്കിംഗ് സംവിധാനം തകരാറിലാക്കും
അമിത ഭാരം കയറ്റുമ്പോള്‍ വാഹനങ്ങളുടെ ബ്രേക്കിംഗ് സംവിധാനം പെട്ടെന്ന് തകരാറിലാകാന്‍ സാധ്യതയേറെയാണ്. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനം നിയന്ത്രണംവിട്ട് മറിയാന്‍ ഇടയാക്കും.
അമിത ഭാരവും അതിവേഗതയിലുണ്ടാകുന്ന ഘര്‍ഷണവും കാരണം രാത്രികാലങ്ങളില്‍ ടയറുകള്‍ പൊട്ടിത്തെറിച്ച് വന്‍ അപകടങ്ങള്‍ ഉണ്ടാകാം. അനുവദനീയമായതിലും കൂടുതല്‍ ഭാരവുമായി എത്തുന്ന വാഹനങ്ങള്‍ കാരണം റോഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെടുകയും റോഡിന്റെ നിര്‍മാണ ആയുസ് ഗണ്യമായി കുറയുകയും ചെയ്യും.
വളവുകളുള്ള റോഡുകളിലും കയറ്റങ്ങളിലും വാഹനത്തിന്റെ സ്റ്റിയറിംഗ് ബാലന്‍സ് നഷ്ടപ്പെട്ട് വാഹനം പുറകിലേക്ക് ഇറങ്ങാനും മറിയാനും അമിതഭാരം കാരണമാകുമെന്നും ആര്‍ടിഒ അറിയിച്ചു.